ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗിരിവര്‍ഗ്ഗക്കാരായ “കാണിക്കാ”രായിരുന്നു ഇവിടുത്തെ ആദിമ നിവാസികള്‍.വളരെക്കാലം മുന്‍പ് ഏതാണ്ട് ഇരുപതോളം പ്രമാണിമാരുടെ കൈകളിലായിരുന്നു ഈ പ്രദേശം.മഹാരാജാവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇരുപതോളം പേര്‍ക്ക് മഹാരാജാവ് അനുവദിച്ചു കൊടുത്തതാണ് വിതുര, തൊളിക്കോട് പ്രദേശങ്ങള്‍. മലയോര കാര്‍ഷികോല്‍പ്പന്നങ്ങള്‍ സുലഭമായി ലഭിച്ചിരുന്ന വനപ്രദേശമായിരുന്ന ഇവിടം ജനപഥങ്ങളില്‍ നിന്നകന്ന് വിദൂരസ്ഥമായ സ്ഥലമായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് വിതുരയെന്ന പേര് ലഭിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.           സ്വാതന്ത്ര്യസമര രംഗത്ത് വിതുരയില്‍ നിന്ന്  കുറച്ചുപേര്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ ഗോവിന്ദന്‍ കുട്ടി മുതലാളിയായിരുന്നു സമര കമ്മിറ്റിയുടെ പ്രസിഡണ്ട്. 1938 നവംബര്‍ മാസത്തിലാണ് വിതുരയില്‍ നിന്ന് സ്വാതന്ത്ര്യസമര സേനാനികള്‍ കവടിയാര്‍ കൊട്ടാരത്തിലേക്ക് മാര്‍ച്ചു ചെയ്തത്. വിതുരയിലെ സാംസ്കാരിക രംഗത്ത്  കാര്യമായ പങ്കു വഹിക്കാന്‍ 1926-ല്‍ സ്ഥാപിച്ച കെ.പി.എസ്.എം. ലൈബ്രറിക്ക് കഴിഞ്ഞിട്ടുണ്ട്. വിതുരയില്‍ ആദ്യമായി സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് 1902-ലാണ്. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് പൊന്‍മുടിയിലേക്ക് വിശ്രമത്തിന് പോയിരുന്ന പാതയാണ് ഇന്നത്തെ തിരുവനന്തപുരം - പൊന്‍മുടി പാത. 1934-ലാണ് ആദ്യത്തെ ബസ് സര്‍വ്വീസ് ഈ പഞ്ചായത്തില്‍ ആരംഭിച്ചത്. ഓപ്പണ്‍ ബോഡിയുള്ള ജേണിപുട്ട് വാഹനമായിരുന്നു ആദ്യത്തെ സര്‍വ്വീസ് നടത്തിയത്. വിതുരയിലെ ആദ്യത്തെ ദേവാലയം മക്കി ശാസ്താ ക്ഷേത്രവും മരുത്വമല മഹാഗണപതി ക്ഷേത്രവുമാണ്. ഈ പഞ്ചായത്തിലെ ബോണക്കാട് പ്രദേശം വളരെയധികം വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചു വരുന്നു